Trending

ആദ്യകാല നാടക-സിനിമാ ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു



കോഴിക്കോട്: ആദ്യകാല നാടക-സിനിമാ ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു. 

(81) _ വയസ്സായിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

വർഷങ്ങൾക്കു മുൻപ് അപകടത്തിൽ പരുക്കേറ്റിരുന്ന വാസന്തി വാർധക്യസഹജമായ അസുഖങ്ങളാലും ചികിത്സയിലായിരുന്നു. 'പച്ചപ്പനംതത്തേ പുന്നാര പൂമുത്തേ, പുന്നെല്ലിൻ പൊൻകതിരേ...' എന്നതുൾപ്പെടെ മലയാളികളുടെ മനസ്സിൽ എന്നും നിറഞ്ഞുനിൽക്കുന്ന ഒട്ടേറെ പാട്ടുകളാണു വാസന്തി അനശ്വരമാക്കിയത്.

കമ്യൂണിസ്‌റ്റ് പാർട്ടി പ്രവർത്തകനും വിപ്ലവ ഗായകനും റേഡിയോ ആർട്ടിസ്റ്റുമായ മച്ചാട് കൃഷ്ണന്റെയും കല്യാണിയുടെയും മകളായി കണ്ണൂർ കക്കാടാണു ജനനം. കണ്ണൂരിൽ നടന്ന കിസാൻസഭാ സമ്മേളന വേദിയിലാണു കുഞ്ഞു വാസന്തി ആദ്യമായി പാടുന്നത്. ഇ.കെ.നായനാരാണു കുട്ടിയെ വേദിയിലെത്തിക്കാൻ നിർദേശിച്ചത്. 9 വയസ്സുള്ള
വാസന്തിയെ നായനാർ വേദിയിലേക്ക് എടുത്തുകയറ്റുകയായിരുന്നു. വാസന്തിയുടെ പാട്ട് അച്ഛന്റെ കൂട്ടുകാരനായിരുന്ന എം.എസ്.ബാബുരാജിനും ഇഷ്ടമായി. കല്ലായിയിൽ ബാബുരാജിന്റെ താമസസ്‌ഥലത്ത് ദിവസവും രാവിലെയെത്തി വാസന്തി സംഗീതം അഭ്യസിച്ചു. ബാബുരാജ് ആദ്യമായി സംഗീതസംവിധാനം നിർവഹിച്ച തിരമാല എന്ന ചിത്രത്തിൽ ആദ്യഗാനം പാടി. എന്നാൽ, സിനിമ പുറത്തിറങ്ങിയില്ല.

തുടർന്നു രാമു കാര്യാട്ടിന്റെ

മിന്നാമിനുങ്ങ് എന്ന ചിത്രത്തിൽ, പി.ഭാസ്കരന്റെ രചനയിൽ ബാബുരാജ് ഈണം പകർന്ന 'തത്തമ്മേ തത്തമ്മേ നീ പാടിയാൽ അത്തിപ്പഴം തന്നിടും...', 'ആരു ചൊല്ലിടും ആരു ചൊല്ലിടും...' എന്നീ പാട്ടുകൾ പാടി. നാടകത്തിലും സിനിമയിലും ആകാശവാണിയിലുമായി പതിനായിരത്തിലേറെ ഗാനങ്ങൾക്കാണു പിന്നീട് വാസന്തി ശബ്‌ദം നൽകിയത്. പാട്ടു മാത്രമല്ല നാടകാഭിനയവും വഴങ്ങി. നെല്ലിക്കോട് ഭാസ്കരന്റെ തിളയ്ക്കുന്ന കടൽ, ദേശപോഷിണിയുടെ ഈഡിപ്പസ്, ബഹദൂർ സംവിധാനം ചെയ്ത


ബഹദൂർ സംവിധാനം ചെയ്ത വല്ലാത്ത പഹയൻ, പി.ജെ.ആന്റണിയുടെ ഉഴുവുചാൽ, കുതിരവട്ടം പപ്പുവിനൊപ്പം രാജാ തിയറ്റേഴ്സിന്റെ കറുത്ത പെണ്ണ്, കെപിഎസിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, തിക്കോടിയന്റെ നാടകങ്ങൾ എന്നിവയിൽ വാസന്തി അഭിനേത്രിയും ഗായികയുമായി.

ഓളവും തീരവും സിനിമയിൽ ബാബുരാജിന്റെ സംഗീതത്തിൽ കെ.ജെ.യേശുദാസിനൊപ്പം പാടിയ 'മണിമാരൻ തന്നത് പണമല്ല പൊന്നല്ലാ..മധുരക്കിനാവിൻ്റെ കരിമ്പുതോട്ടം..' എന്ന പാട്ട് മച്ചാട്ട് വാസന്തിയെ ജനകീയയാക്കി. പ്രൊജക്ട‌ർ ഓപ്പറേറ്ററായിരുന്ന ബാലകൃഷ്ണനുമായുള്ള വിവാഹത്തോടെ ദൂരയാത്രകൾ നിന്നു. കുടുംബത്തിനൊപ്പംനിന്നു, കിട്ടുന്ന നാടകങ്ങളിൽ പാടിയാൽ മതിയെന്നായിരുന്നു അദ്ദേഹത്തിൻ്റെ ഉപദേശം. 48-ാം വയസ്സിൽ
ഭർത്താവ് മരിച്ചപ്പോൾ അദ്ദേഹം ബാക്കിവച്ച കടങ്ങൾ വീട്ടാനായാണു വാസന്തി വീണ്ടും പാട്ടിന്റെ തിരക്കിലമർന്നത്. മുരളി, സംഗീത എന്നിവർ മക്കളാണ്. തിരഞ്ഞെടുപ്പുവേളകളിൽ പാർട്ടി സ്ഥാനാർഥികൾക്കായി അടുത്തകാലം വരെയും വോട്ടഭ്യർഥിക്കാൻ വാസന്തി പാടിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ