ഇരിങ്ങാലക്കുട (തൃശൂർ): സാഹിത്യനിരൂപകനും അധ്യാപകനുമായിരുന്ന പ്രൊഫ. മാമ്പുഴ കുമാരൻ നിര്യാതനായി.
(91) _ വയസ്സായിരുന്നു.
കൊടകര ശാന്തി ആശുപത്രിയിൽ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം കിഴക്കെനട എം.ജി. റോഡിൽ വരദയിലായിരുന്നു താമസം. 2021-ൽ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നേടിയ മാമ്പുഴ കുമാരൻ ഏറെക്കാലം മാതൃഭുമിവാരികയിൽ ഗ്രന്ഥനിരൂപകനായിരുന്നു.
വിവിധ ആനുകാലികങ്ങളിൽ വിവിധ തൂലികാനാമങ്ങളിൽ കവിത, ലേഖനം, ഹാസ്യകവിത, ഹാസ്യലേഖനങ്ങൾ എന്നിവ പ്രസിദ്ധികരിച്ചു. സർഗദർശനം, അനുമാനം, മോളിയേയിൽ നിന്ന് ഇബ്സനിലേയ്ക്ക്, വാക്കും പൊരുളും എന്നീ പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മോളിയേയിൽനിന്ന് ഇബ്സനിലേയ്ക്ക് എന്ന കൃതിയ്ക്ക് 1998-ലെ എൻ. കൃഷ്ണപിള്ള സ്മാരകപുരസ്കാരം ലഭിച്ചു.
ഉൾക്കാഴ്ച്ചകൾ, സംസ്കാരത്തിന്റെ അടയാളങ്ങൾ, തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ, സ്മൃതിമുദ്രകൾ എന്നിവയാണ് മറ്റ് കൃതികൾ.പാലക്കാട് വിക്ടോറിയ കോളേജ്, കൊച്ചി സാന്റാക്രൂസ് ഹൈസ്കൂൾ, കാഞ്ഞിരമറ്റം സെൻ്റ് ഇഗ്നേഷ്യസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്ന മാമ്പുഴ കുമാരൻ 1961 മുതൽ 1988 വരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ മലയാളവിഭാഗം അധ്യാപകനായിരുന്നു.
ഭാര്യ - റിട്ട. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സായിരുന്ന പരേതയായ പി.വി. രുഗ്മിണി.
മക്കൾ - മിനി (അധ്യാപിക, വി.എച്ച്.എസ്.എസ്. കാറളം), ജയകുമാർ (ബിസിനസ് ലൈൻ മാനേജർ, ഫ്യുഗ്രോ കമ്പനി, മുംബൈ), അഡ്വ. ഗോപകുമാർ (ഇരിങ്ങാലക്കുട).
Tags:
വേർപാട്