Trending

മനുഷ്യാവകാശ പ്രവർത്തക ഏഥൽ കെന്നഡി അന്തരിച്ചു



വാഷിംഗ്ടൺ: യു.എസ് മുൻ സെനറ്റർ റോബർട്ട് എഫ്. കെന്നഡിയുടെ ഭാര്യ  ഏഥൽ കെന്നഡി  അന്തരിച്ചു. മനുഷ്യാവകാശ പ്രവർത്തകയായിരുന്നു. 

(96) _ വയസ്സായിരുന്നു.


കഴിഞ്ഞ ആഴ്ച ഏഥലിന് പക്ഷാഘാതമുണ്ടായി. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.

മുൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ സഹോദരനായിരുന്നു റോബർട്ട് എഫ്. കെന്നഡി. 

ന്യൂയോർക്കിൽ നിന്നുള്ള സെനറ്ററായിരുന്ന അദ്ദേഹം 1968ൽ ഡെമോക്രാറ്റിക് പ്രസിഡൻഷ്യൽ നോമിനിയാകാനുള്ള പ്രചാരണത്തിനിടെ ലോസ് ആഞ്ചലസിൽ വച്ച് വെടിയേറ്റു മരിച്ചു.

കെന്നഡിയുടെയും ഏഥലിന്റെയും പതിനൊന്ന് മക്കളിൽ ഒരാളായ റോബർട്ട് എഫ്. കെന്നഡി ജൂനിയർ ഇത്തവണ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചെങ്കിലും ട്രംപിന് പിന്തുണ പ്രഖ്യാപിച്ച് പിൻവാങ്ങിയിരുന്നു. 

റോബർട്ട് എഫ്. കെന്നഡി ഹ്യൂമൻ റൈറ്റ്സ് സെന്റർ സ്ഥാപിച്ച ഏഥൽ തന്റെ ഭർത്താവ് തുടങ്ങിവച്ച ക്ഷേമ പ്രവർത്തനങ്ങൾ തുടർന്നു.

റോബർട്ടിന്റെ മരണത്തിന് പുറമേ നിരവധി ദുരന്തങ്ങളും ഏഥലിന് ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വന്നു. 

ഏഥലിന്റെ മാതാപിതാക്കൾ 1955ൽ ഒരു വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. 1966ൽ സഹോദരനും വിമാനം തകർന്ന് മരിച്ചു. 1984ൽ മകൻ ഡേവിഡ് അമിത മരുന്നുപയോഗത്തെ തുടർന്ന് മരിച്ചു. മറ്റൊരു മകൻ മൈക്കൽ 1997ൽ സ്കീയിംഗിനിടെയുണ്ടായ അപകടത്തിലും മരിച്ചു. 

2014ൽ ഏഥലിന് അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമ പ്രസിഡൻഷ്യൽ മെഡൽ ഒഫ് ഫ്രീഡം നൽകി ആദരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ