പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പിന്റെ മുൻ ചെയർമാനുമായ രത്തൻ ടാറ്റ അന്തരിച്ചു. 86 വയസായിരുന്നു. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് ഇന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ടാറ്റയുടെ ചെയർമാൻ രത്തൻ ടാറ്റയ്ക്കുള്ളത്. 1962ലാണ് രത്തൻ ടാറ്റ ഗ്രൂപ്പിൽ ചേരുന്നത്. വിവിധ കമ്പനികളിൽ സേവനമനുഷ്ഠിച്ചശേഷം 1971-ൽ നാഷണൽ റേഡിയോ ആൻഡ് ഇലക്ട്രോണിക്സസ് കമ്പനിയിൽ ഡയറക്ടർ ഇൻ ചാർജ് ആയി നിയമിതനായി. 1981-ൽ ഗ്രൂപ്പിന്റെ മറ്റൊരു ഹോൾഡിങ് കമ്പനിയായ ടാറ്റ ഇൻഡസ്ട്രീസിന്റെ ചെയർമാനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1991-ലാണ് അമ്മാവനായ ജെആർഡി ടാറ്റയുടെ പിൻഗാമിയായി ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായി എത്തുന്നത്.
1937 ഡിസംബർ 28ന് ബോംബെയിലെ ഒരു പാഴ്സി സൊരാസ്ട്രിയൻ കുടുംബത്തിലാണ് രത്തൻ ടാറ്റ ജനിച്ചത്. എട്ടാം ക്ലാസ് വരെ മുംബൈ കാംപ്യൻ സ്‌കൂളിലായിരുന്നു പഠനം. ശേഷം മുംബൈയിലെ ക്തതീഡ്രൽ ആൻഡ് ജോൺ കനോൺ സ്കൂൾ, ഷിംലയിലെ ദ ബിഷപ്പ് കോട്ടൺസ്കൂൾ, ന്യുയോർക്ക് സിറ്റിയിലെ റിവർഡെയ്ൽ കൺട്രി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു പഠനം. 1955-ൽ ബുരുദം നേടി. കോർണൽ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ആർക്കിടെക്ചറിൽനിന്ന് ആർക്കിടെക്ചറിൽ ബിരുദം നേടി.
1991 മാർച്ചിൽ ടാറ്റ സൺസിന്റെ ചെയർമാനായി രത്തൻ ടാറ്റ ചുമതലയേൽക്കുന്നത്. 2012 ഡിസംബർ 28ന് വിരമിച്ചു. രത്തന്റെ ഭരണകാലത്ത് ടാറ്റയുടെ വരുമാനം പതിൻമടങ്ങ് വർധിച്ചു. 1991-ലെ വെറും പതിനായിരം കോടി വിറ്റുവരവിൽനിന്ന് 2011-12 കാലയളവിൽ 100.09 ബില്യൻ ഡോളറിന്റെ വർധനയാണ് ഉണ്ടായത്. ശ്രദ്ധേയമായ പല ഏറ്റെടുക്കലുകളും രത്തന്റെ കാലയളവിലുണ്ടായി. 2000-ൽ 450 മില്യൻ ഡോളറിന് ടാറ്റ ടീ ടെറ്റ്ലിയിൽ നിന്നാരംഭിച്ച് 2007-ൽ ടാറ്റ സ്റ്റീൽ, 2008-ൽ ടാറ്റ മോട്ടോഴ്സിന്റെ ജാഗ്വാർ ലാൻഡ്റോവർ എന്നിവയിലുമെത്തി. അടുത്ത വർഷം കമ്പനി ടാറ്റ നാനോ പുറത്തിറക്കി.
ടാറ്റ മോട്ടോർസ്, ടാറ്റ സ്റ്റീൽ, ടാറ്റ കൺസൽട്ടൻസി സർവീസസ്, ടാറ്റ പവർ, ടാറ്റ ഗ്ലോബൽ ബിവറേജസ്, ടാറ്റ കെമിക്കൽസ്, ഇന്ത്യൻ ഹോട്ടൽസ് ആൻഡ് ടാറ്റ ടെലിസർവീസസ് എന്നിവയുടെ ചെയർമാനായിരുന്നു രത്തൻ ടാറ്റ. ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി സംഘടനകളുമായി ഇദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു.
സ്ഥാനമൊഴിഞ്ഞതിന് ശേഷം പിന്നീട് ചെയർമാൻ സ്ഥാനത്തു വന്ന സൈറസ് മിസ്ത്രിയുമായി രത്തൻ ടാറ്റയ്ക്കുണ്ടായ അഭിപ്രായ വ്യത്യാസങ്ങളും അതേച്ചൊല്ലിയുള്ള വാർത്തകളും വലിയ ചർച്ചയായി. പിന്നീട് മിസ്ത്രിയെ 2016 ഒക്ടോബറിൽ പുറത്താക്കുകയായിരുന്നു. ശേഷം ഇടക്കാല ചെയർമാനായി രത്തൻ ടാറ്റ തന്നെ തിരിച്ചെത്തുകയും 2017 ജനുവരിയിൽ കമ്പനിയുടെ നേതൃത്വം എൻ ചന്ദ്രശേഖറിന് കൈമാറുകയും ചെയ്തു. ശേഷം ടാറ്റ സൺസ് ചെയർമാൻ എമറിറ്റസ് പദവിയിലാണ് രത്തൻ ടാറ്റയുള്ളത്.
2000-ൽ പത്മഭൂഷണും 2008-ൽ പത്മവിഭൂഷണും രനത്തൻ ടാറ്റയ്ക്ക് ലഭിച്ചിട്ടുണ്ട്. തൻ്റെ വരുമാനത്തിന്റെ 60- 65ശതമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ് രത്തൻ ടാറ്റ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസ്നേഹികളിൽ ഒരാളു കൂടിയായിരുന്നു.
Tags:
വേർപാട്