കൊച്ചി (എറണാകുളം): നടൻ മോഹൻരാജ് അന്തരിച്ചു. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ കഠിനംകുളത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.
ഏറെ നാളുകളായി ശാരീരിക അവശതകളെ തുടർന്ന് സിനിമയിൽ സജീവമായിരുന്നില്ല. 2022 ൽ പുറത്തിറങ്ങിയ റോഷാർക്ക് ആയിരുന്നു വലിയ ഇടവേളയ്ക്ക് ശേഷം എത്തിയ ചിത്രം. മലയാള സിനിമയിലെ എണ്ണംപറഞ്ഞ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് മോഹൻരാജ്.
കിരീടം എന്ന സിനിമയിലെ കീരിക്കാടൻ ജോസ് എന്ന കഥാപാത്രം അവിസ്മരണീയമാക്കി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും അഭിനയിച്ചു. 1988 ൽ പുറത്തിറങ്ങിയ മൂന്നാംമുറയാണ് ആദ്യ ചിത്രം. ഈ സിനിമയിൽ ഒരു ഗുണ്ടയുടെ വേഷമായിരുന്നു മോഹൻരാജിന് ലഭിച്ചത്. രണ്ടാമത്തെ സിനിമയായിരുന്നു 1989 ൽ പുറത്തിറങ്ങിയ കിരീടം. ഇതിലെ പ്രധാന വില്ലനായ കീരിക്കാടൻ ജോസിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.
പിന്നീട് കീരിക്കാടൻ ജോസ് എന്നായിരുന്നു താരം അറിയപ്പെട്ടത്. 300 ലേറെ സിനിമകളിൽ വേഷമിട്ടു. പലതിലും വില്ലൻ കഥാപാത്രങ്ങളായിരുന്നു. റാഫി മെക്കാർട്ടിൻ - മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ ഹലോ എന്ന ചിത്രത്തിലെ കോമഡി മാനമുള്ള ഗുണ്ട വേഷം ഏറെ കൈയടി നേടി. കടമറ്റത്ത് കത്തനാർ, സ്വാമി അയ്യപ്പൻ, മൂന്നുമണി എന്നീ സീരിയലുകളിലും വേഷമിട്ടു.
പാർക്കിൻസൺസ് രോഗബാധിതനായിരുന്നു മോഹൻരാജ്. അസിസ്റ്റന്റ് എൻഫോഴ്സസ്മെന്റ് ഓഫീസറായിരുന്നു മോഹൻ രാജ് ജോലിയിൽ നിന്ന് വിരമിച്ചശേഷം കുടംബത്തോടൊപ്പം ചെന്നൈയിലായിരുന്നു താമസം. ആയുർവേദ ചികിത്സയ്ക്കായി ചെന്നൈയിൽ നിന്ന് ഒരു വർഷം മുമ്പാണ് തിരുവനന്തപുരത്ത് എത്തിയത്.
നിർമാതാവ് എൻഎം ബാദുഷ മോഹൻരാജിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. കിരീടം സിനിമയുടെ നിർമാതാവായ ദിനേഷ് പണിക്കരും മോഹൻരാജിന്റെ വേർപാടിൽ അനുശോചിച്ചു. സംസ്കാരം - നാളെ.
Tags:
വേർപാട്