Trending

ഇന്ത്യ, സൗത്ത് ആഫ്രിക്ക ആദ്യ ട്വന്റി 20 ഇന്ന്



 ന്യൂസിലാൻഡിനോടേറ്റ കനത്ത തിരിച്ചടിക്ക് ശേഷം, വിജയം മാത്രം പ്രതീക്ഷിച്ചാണ് ടീം ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടുന്നത്. ദക്ഷിണാഫ്രിക്കയിലെ ദര്‍ബനിൽ ഇന്നു വൈകിട്ട് 8.30നാണ് മത്സരം ആരംഭിക്കുന്നത്. നാലു മത്സരങ്ങളാണ് ടി20 പരമ്പരയിൽ ഉള്ളത്.

ശ്രീലങ്കയിലും ബംഗ്ലാദേശിലും നേടിയ പരമ്പര വിജയത്തിന്റെ ആത്മവിശ്വാസത്തോടെയാണ് സുര്യകുമാർ യാദവും സംഘവും ദക്ഷിണാഫ്രിക്കയെ നേരിടാനൊരുങ്ങുന്നത്. ടി20 ലോകകപ്പ് ഫൈനലിനു ശേഷം ഇരുടീമുകളും ആദ്യമായി ഏറ്റുമുട്ടുന്ന പരമ്പരകൂടിയാണിത്.

മലയാളി താരം സഞ്ജു സാംസൺ ടീമിലുണ്ട്. അവസാന മത്സരത്തിൽ ബംഗ്ലാദേശിനെതിരെ കാഴ്ചവച്ച വെടിക്കെട്ട് പ്രകടനം സഞ്ജു ആവർത്തിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. ഓപ്പണിങ്ങിനൊപ്പം ഒന്നാം വിക്കറ്റ് കീപ്പറായും സഞ്ജു കളിക്കുമെന്നാണ് വിവരം. ഓപ്പണിങ്ങില്‍ സഞ്ജു സാംസണിനൊപ്പം അഭിഷേക് ശര്‍മയും തുടര്‍ന്നേക്കും.

സൂപ്പർ താരങ്ങളുടെ അഭാവത്തിൽ ആദ്യമായാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടുന്നത്. അതുകൊണ്ടു തന്നെ ഇന്ത്യയെ സംബന്ധിച്ച് മത്സരം എളുപ്പമാകില്ല. അതേസമയം, സമീപകാല ടി20 മത്സരങ്ങളിലെ ഇന്ത്യൻ താരങ്ങളുടെ തകർപ്പൻ പ്രകടനമാണ് ടീമിന്റെ ആത്മവിശ്വാസം.

ദർബൻ, ഗ്കെബർഹ, സെഞ്ചൂറിയൻ, ജോഹന്നാസ്ബർഗ് എന്നിങ്ങനെ നാല് വ്യത്യസ്ത വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്.

ഇന്ത്യ, സാധ്യത ഇലവൻ
അഭിഷേക് ശർമ്മ , സഞ്ജു സാംസൺ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, അക്‌സർ പട്ടേൽ , വിജയ്കുമാർ വൈശാഖ്, അവേഷ് ഖാൻ , വരുൺ ചക്രവർത്തി/ രവി ബിഷ്‌ണോയ് , അർഷ്ദീപ് സിംഗ്.

ദക്ഷിണാഫ്രിക്ക, സാധ്യത ടിം
റീസ ഹെൻഡ്‌റിക്‌സ്, റയാൻ റിക്കൽടൺ, ഐഡൻ മാർക്രം (ക്യാപ്റ്റൻ), ട്രിസ്റ്റൻ സ്റ്റബ്‌സ്, ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, മാർക്കോ ജാൻസെൻ, കേശവ് മഹാരാജ്, ജെറാൾഡ് കോട്‌സി, എൻകാബ പീറ്റർ, ഒട്ട്‌നീൽ ബാർട്ട്‌മാൻ.

ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20, എവിടെ കാണാം?

ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 പരമ്പര സ്‌പോർട്‌സ് 18 നെറ്റ്‌വർക്കിൽ സംപ്രേക്ഷണം ചെയ്യും. ജിയോസിനിമ ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും തത്സമയം മത്സരം കാണാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ