കാസർകോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ മരണം അഞ്ചായി. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കിണാവൂർ സ്വദേശി രജിത്ത് (34) ആണ് മരിച്ചത്. ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ്, കരിന്തളം കൊല്ലമ്പാറ സ്വദേശി കെ. ബിജു (38), ചോയ്യംകോട് സലൂൺ നടത്തുന്ന കിണാവൂർ സ്വദേശി രതീഷ്, ചോയ്യങ്കോട് കിണാവൂർ സ്വദേശി സന്ദീപ് (38) എന്നിവരാണ് അപകടത്തിൽ പൊള്ളലേറ്റ് മരിച്ച മറ്റ് നാല് പേർ.
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. അപകടത്തിൽ പൊള്ളലേറ്റ നൂറോളം പേർ ഇപ്പോഴും ചികിത്സയിലാണ്. 30 ഓളം പേർ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. ആകെ 154 പേർക്കാണ് അപകടത്തിൽ പൊള്ളലേറ്റത്. സംഭവത്തിൽ എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്റ്റ്, ബിഎൻഎസ് എന്നിവയിലെ വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്ത് അന്വേഷണം തുടരുകയാണ്.
കെഎസ്ഇബിക്കു വേണ്ടി വാഹനം കരാർ അടിസ്‌ഥാനത്തിൽ ഓടിക്കുന്ന ജോലിയായിരുന്നു രജിത്തിന്. ഭാര്യ: ഗോപിക. മകൻ: അദ്വിക്. സഹോദരൻ: സജിൻ.
Tags:
വേർപാട്