നാദാപുരം: ഗർഭിണിയായ യുവതിയെ ചിരവ കൊണ്ട് കുത്തി പരിക്കേൽപ്പിച്ച് ഭർത്താവ്. രണ്ട് മാസം ഗർഭിണിയായിരുന്ന ഷംന(28)യെ ആണ് കുത്തി പരിക്കേൽപ്പിച്ചത്. ഷംനയുടെ ഇടതു തോളിലും വയറിലും കുത്തേറ്റിട്ടുണ്ട്. കോഴിക്കോട് നാദാപുരം തെരുവൻ പറമ്പിലെ താനമഠത്തിൽ ഫൈസലാണ് ഗർഭിണിയായ ഭാര്യയെ ആക്രമിച്ചത്. സംഭവ ശേഷം ഇയാൾ കടന്നുകളഞ്ഞു.
കുടുംബപ്രശ്‌നമാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്നാണ് ലഭിക്കുന്ന സൂചന. കഴിഞ്ഞ ദിവസം ഫൈസലിന്റെ വീട്ടിൽവെച്ചായിരുന്നു ആക്രമണം ഉണ്ടായത്. സംഭവം നടക്കുന്ന സമയത്ത് വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല.
ഷംനയുടെ നിലവിളി കേട്ട് അയൽവാസികളും വഴിയാത്രക്കാരും ഓടിയെത്തിപ്പോൾ യുവതി കുത്തേറ്റ നിലയിലായിരുന്നു. ഉടനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. പരിക്ക്ഗുരുതരമായതിനാൽ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
കുറ്റകൃത്യം നടത്തിയതിന് തൊട്ടുപിന്നാലെ ഭർത്താവ് കടന്നുകളഞ്ഞായി നാട്ടുകാർ പറഞ്ഞു. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഏഴ് മാസം മുൻപാണ് ഇരുവരും വിവാഹിതരായത്.
Tags:
letest news