Trending

പുതുനഗരം: സ്ലാബിലെ ദ്വാരത്തിലൂടെ കിണറ്റിലേക്കു വീണ ഭിന്നശേഷിക്കാരനായ എട്ടു വയസ്സുകാരൻ മരിച്ചു.



പുതുനഗരം (പാലക്കാട്): സ്ലാബിലെ
ദ്വാരത്തിലൂടെ കിണറ്റിലേക്കു വീണ ഭിന്നശേഷിക്കാരനായ എട്ടു വയസ്സുകാരൻ മരിച്ചു. ഐശ്വര്യ കോളനിയിൽ താമസിക്കുന്ന ബെംഗളൂരു ഐഎസ്ആർഒ ഉദ്യോഗസ്ഥൻ അബ്‌ദുല്ലയുടെ മകൻ ഐസാം യൂസഫ് മിർസ (8) ആണു മരിച്ചത്. പുതുനഗരം സെൻട്രൽ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായ ഐസാമിനു സംസാരശേഷിയില്ല.

സംഭവത്തെക്കുറിച്ചു പുതുനഗരം പൊലീസ് പറയുന്നത്: സ്‌കൂൾ വിട്ടു വരുന്ന ഐസാം ലഘുഭക്ഷണം കഴിച്ചുകൊണ്ടു സമീപത്തെ വീടുകളിലേക്കു പോകുന്ന പതിവുണ്ട്. അങ്ങനെ പോയ കുട്ടിയെ 
കാണാത്തതിനെത്തുടർന്ന് തിരച്ചിൽ നടത്തിയ  വീട്ടുകാർ തൊട്ടടുത്ത പറമ്പിലെ ആൾമറയില്ലാത്ത, കോൺക്രീറ്റ് സ്ലാബിട്ടു മൂടിയ, കിണറിന്റെ മുകൾ ഭാഗത്ത് മിക്സചർ ചിതറിക്കിടക്കുന്നത് കണ്ടു. സ്ലാബിന്റെ ദ്വാരത്തിലൂടെ വീണിരിക്കാമെന്ന നിഗമനത്തിൽ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. അഗ്നിരക്ഷാസേന മണ്ണുമാന്തിയന്ത്രമുപയോഗിച്ചു സ്ലാബ് തകർത്ത് കിണർ പരിശോധിച്ചു. മിക്സ്‌ചർ കഴിക്കാനുപയോഗിച്ച പാത്രം പൊങ്ങിക്കിടക്കുന്നതു കണ്ടതോടെ കുട്ടി ഉള്ളിലുണ്ടാകുമെന്ന് ഉറപ്പിച്ചു. പാലക്കാട്ടുനിന്നും ചിറ്റൂരിൽനിന്നും എത്തിയ അഗ്നിരക്ഷാ സേന അംഗങ്ങൾ കിണറ്റിലിറങ്ങി. കുട്ടിയെ കിണറിനു പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. 

തുടർന്ന് മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഇന്നു പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും. സഹോദരൻ: ബുർഹാൻ യൂനസ് മിർസ. 

ചിറ്റൂർ ഡിവൈഎസ്‌പി വി.എ.കൃഷ്ണദാസ്, പുതുനഗരം പൊലീസ് ഇൻസ്പെക്ടർ എസ്.രജീഷ്, ചിറ്റൂർ അസിസ്റ്റന്റ് സ്‌റ്റേഷൻ ഓഫിസർ എം.രമേഷ്കുമാർ, പാലക്കാട്ടു നിന്നുള്ള അഗ്നിരക്ഷാ സേനാ വിഭാഗത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ പി.വി.പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തിയത്.

പുതുനഗരം പോലീസിൻ്റെ നടപടികൾക്കുശേഷം വ്യാഴാഴ്ച പോസ്റ്റ് മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ