Trending

നീലേശ്വരം വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു, മരണം ആറായി



കാസർകോട്: തെരു അഞ്ഞൂറ്റമ്പലം വീരർകാവിലെ വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ ഒരാൾകൂടി മരിച്ചു. 

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പത്ഭനാഭൻ (75) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി. 

ശസ്ത്രക്രിയക്കു ശേഷം തീവ്രപരിചരണ വിഭാ​ഗത്തിൽ വിശ്രമത്തിൽ കഴിയവേ ഉണ്ടായ അണുബാധയാണ് മരണ കാരണമെന്നാണ് ഡോക്ടർമാരിൽനിന്ന് ലഭിക്കുന്ന വിവരം.


പൊട്ടിത്തെറി ഉണ്ടായ ഷെഡിന് തൊട്ടടുത്തായിരുന്നു പത്ഭനാഭൻ നിന്നിരുന്നത്. 

ശരീരമാസകലം പൊള്ളലേറ്റ അദ്ദേഹത്തെ മൂന്ന് ശസ്ത്രക്രിയകൾക്ക് വിധേയനാക്കിയിരുന്നു. കണ്ണൂർ, കാസർകോട്, മം​ഗലാപുരം എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലുമായി നിലവിൽ 38- ഓളം പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ ചിലർക്കുകൂടി അണുബാധയുണ്ടെന്നാണ് അറിയുന്നത്.

അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചായിരുന്നു ഒക്ടോബർ 29-ന് പുലർച്ചെ 12.15-ഓടെ അപകടമുണ്ടായത്. 

മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോൾ, തീപ്പൊരി പടക്കംസൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു.


ക്ഷേത്രമതിലിനോട് ചേർന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ഇതിനുസമീപം സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ തെയ്യം കാണാൻ കൂടിനിന്നിരുന്നു. അപകടത്തിൽ 150-ലേറെ പേർക്ക് പരിക്കേറ്റിരുന്നു.


ഉത്സവ നടത്തിപ്പുകാരുടെ അലംഭാവമാണ്‌ അപകടത്തിന്‌ മുഖ്യകാരണമെന്നാണ്‌ എഫ്‌ഐആറിലുള്ളത്‌. സംഘാടകരായ ഒമ്പതുപേർക്കെതിരെ വധശ്രമകുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. കേസിലെ എല്ലാ പ്രതികളുടെയും ജാമ്യം ജില്ലാ സെഷൻസ്‌ കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 4 ലക്ഷം രൂപ വീതം സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ