ഉച്ച തിരിഞ്ഞുള്ള തുലാമാസ പ്രകമ്പനങ്ങൾക്ക് അകമ്പടിയായെത്തിയ മഴ അന്തരീക്ഷത്തിൽ ഒരാഴ്ച അല്പം കുളിര് പടർത്തിയെങ്കിലും രണ്ട് ദിവസമായി ഈ ഗ്രാമത്തിൽ വീഴുന്നത് പെട്ടെന്നൊന്നും തോർന്ന് പോവാത്ത കണ്ണീർ മഴയാണ്. രണ്ട് ദിവസത്തിന്നിടെ നാല് തലമുറകളെ പ്രതിനിധാനം ചെയ്യുന്ന നാല് കൂടപിറപ്പുകളാണ് ആകസ്മികമെന്നോണം ജീവിത യാത്രയോട് സലാം പറഞ് നമ്മളിൽ നിന്ന് വിട്ടുപോയത്.
ബുധനാഴ്ച നേരം പുലർന്നത് *അഞ്ചുകണ്ടത്തിൽ കൊളക്കാടൻ അശ്‌റഫിന്റെ* മരണ വാർത്ത കേട്ടാണ്. നീണ്ടക്കാലം പ്രവാസിയായിരുന്ന അദ്ദേഹത്തെ വിടാതെ പിന്തുടർന്ന പ്രമേഹത്തോട് പടപ്പൊരുതി ജീവിച്ച അഷ്‌റഫ്ക്കക്ക് അടുത്തിടെ സ്ട്രോക്ക് വില്ലനായിയെത്തിയപ്പോൾ പതറിപോയി. പ്രവാസം കരുപിടിപ്പിച്ച തരക്കേടില്ലാത്ത ജീവിത സാഹചര്യത്തിൽ രണ്ട് ആൺമക്കളും പേരകുട്ടികളുമടങ്ങിയ കുടുംബത്തിന് അഷ്‌റഫ്ക്കയുടെ നേരത്തെയുള്ള വിയോഗം നൽകിയ ശൂന്യത കനത്തതാണ്. ഗൾഫ് ജീവിതം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിര താമസമാക്കിയെങ്കിലും പരാശ്രയമില്ലാതെ ജീവിക്കണമെന്ന അഭിമാനബോധം അദ്ദേഹത്തെ ഒരിടവേളക്ക് ശേഷം വീണ്ടും പ്രവാസിയാക്കിയെങ്കിലും കാഴ്ച ശക്ത്തി അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയതിനാൽ ഗൾഫിലെ രണ്ടാം ഘട്ട പരീക്ഷണം അവസാനിപ്പിച്ച് വേഗം നാടുപ്പിടിച്ചു വിശ്രമ ജീവിതം നയിക്കുന്നതിന്നിടെയാണ് ചെറുവാടിയിൽ ഇപ്പോൾ മരണപെട്ട നാലു പേരിലെ രണ്ടാം തലമുറയിലെ പ്രതിനിധിയായ പ്രീയപ്പെട്ട അഷ്‌റഫ് (59) വിടപറയുന്നത്.
വ്യാഴാഴ്ച സുബ്ഹി ബാങ്കിന് മുമ്പ് എണീറ്റവരെ കാത്തിരുന്നത്
*ചാലിക്കുളത്തിൽ കുഞ്ഞാനാക്കയുടെ* മരണ വാർത്തയായിരുന്നു. സ്വതന്ത്ര സമര സേനാനിയും കോൺഗ്രസ്സ് നേതാവും
കച്ചവട പ്രമുഖനുമായിരുന്ന ചാലിക്കുളത്തിൽ ഹൈദർ സാഹിബിന്റെ മകനായ കുഞ്ഞാനാക്ക ബാപ്പയെ പോലെ കളം നിറഞ്ഞു കളിക്കാതെ ഒതുങ്ങി കൂടിയ പ്രകൃതക്കാരനായിരുന്നു. ഇന്നത്തേത് പോലെ ഗതാഗത സൗകര്യം ഇല്ലാത്ത കാലത്ത് തന്റെ കർമ്മ മേഖലയായി കോഴിക്കോടിനെ തെരഞ്ഞെടുത്ത കുഞ്ഞാനാക്കയുടെ പിതാവ് ഹൈദറാക്കയെ 'ചെറുവാടിയുടെ കോഴിക്കോടൻ അമ്പാസിഡർ'എന്ന പേരിലാണ് അറിയപ്പെട്ടത്. നേരത്തെ നാട്ടിൽ ചെറുകിട കച്ചവടങ്ങളുമായി കഴിഞ്ഞു കൂടിയ കുഞ്ഞാനാക്ക പ്രതാപം വിട്ടുമാറാത്ത പാതി ദ്രവിച്ച ചാലിക്കുളത്തിലെ തറവാട്ട് വീട്ടിൽ ഒരു സാത്വികനെ പോലെ ജീവിച്ചു. രണ്ടു ദിവസത്തിന്നിടെ മരിച്ച നാലുപേരിലെ ആദ്യ തലമുറയിലെ കണ്ണിയാണ്.
ചാലിക്കുളത്തിൽ മമ്മദ് (74)
ഇന്നലെ കാലത്ത് പത്തര മണിക്ക് കുഞ്ഞാനാക്കയുടെ ജനാസ ഖബറടക്കുന്നതിന്നിടെയാണ് കോഴിപ്പള്ളി റഷീദിന്റെ മരണ വാർത്ത ഇടിത്തീ പോലെ കാതിൽ മുഴങ്ങുന്നത്. രണ്ടു വർഷമായി ഒമാനിലെ റൂഹിയിൽ നെസ്‌റ്റോ ഹൈപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന റഷീദ് മറ്റന്നാൾ നാട്ടിലേക്ക് വരാനുള്ള ടിക്കറ്റ് കൈപ്പറ്റിയ ശേഷം ഓഫിസിന് മുന്നിൽ ഇരിക്കുമ്പോയാണ് ശാരീരിക ആസ്വസ്ഥത അനുഭവപ്പെടുന്നത്. ഉടനെ ആശുപതിയിൽ എത്തിച്ചെങ്കിലും അൽപ സമയത്തിന്നകം അബോധാവസ്ഥയിലേക്ക് പോയ റഷീദ് ഇന്നലെ രാവിലെ എന്നെന്നേക്കുമായി കണ്ണടച്ചു. രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം രണ്ടു ദിവസം കഴിഞ്ഞാൽ എത്തുന്ന പ്രീയതമനെ കാത്തിരുന്ന ഭാര്യക്കും മൂന്ന് മക്കൾക്കും ഒരു ദിവസം മുമ്പ് എംബാം ചെയ്ത ബാപ്പയുടെ ജനാസ കാണേണ്ടി വന്നത് താങ്ങാനും ക്ഷമിക്കാനുമുള്ള കരുത്ത് പടച്ചവൻ പ്രധാനം ചെയ്യട്ടെ.. സൗമ്യതയുടെ ആൾരൂപമായിരുന്ന റഷീദ് മിതഭാഷിയും ആൾക്കൂട്ടങ്ങളിൽ നിന്ന് ഒഴിഞ്ഞു നടക്കുന്ന സ്വഭാവക്കാരനുമായിരുന്നു.
രണ്ടു ദിവസത്തിന്നിടെ മരിച്ച മൂന്നാമൻ കോഴിപ്പള്ളി റഷീദ് (44) ഇതിലെ മൂന്നാം തലമുറയിലെ പ്രതിനിധിയാണ്.
റഷീദിന്റെ മരണ വീട് സന്ദർശിക്കുന്നതിന്നിടെയാണ് അയൽവാസിയും തന്റെ കുഞ് കുഞ് വികൃതികളുമായി പലപ്പോഴും മുറ്റത്തെ ചാമ്പക്ക മരത്തിലും അവനക്കാൾ വലിയൊരു സൈക്കളുമായി വൈകുന്നേരങ്ങളിൽ ഇടവഴിയിലും കാണുന്ന ചാലിൽ ശശിയുടെ മകൻ കുഞ് ആദിഷിന്റെ മരണ വാർത്തയെത്തുന്നത്. എട്ട് വയസ്സ് മാത്രം പ്രായമുള്ള രണ്ടാം ക്ലാസ്സുകാരനായ ഈ പിഞ്ചോമയുടെ ആക്‌സ്മിക മരണം ഉണ്ടാക്കിയ ഞെട്ടലിൽ നിന്ന് ഇതുവരെ മുക്തനായിട്ടില്ല. ചാലിൽ തൊടിയയിൽ എല്ലാരുടെയും ഹൃദയത്തിൽ കുസൃതി കൂട് പണിത നിച്ചുട്ടനെ ന്യൂമോണിയയുടെ രൂപത്തിലാണ് മരണം കവർന്നെടുത്തത്.
നാല് പേരിൽ നാലാം തലമുറയിൽ പെട്ട 'ആദിഷ് (8)`
ലോകം എന്തെന്ന് കാണും മുമ്പാണ് നമ്മളിൽ നിന്ന് പാറി അകലുന്നത്...
74 വയസ്സുകാരൻ കുഞ്ഞാനാക്കയും 59 വയസ്സുകാരൻ അഷ്‌റഫാക്കയും 44 വയസ്സുകാരൻ റഷീദും ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദിലും 8 വയസ്സുക്കാരൻ ആദിഷ് വലിയ താടായി താഴ് വാരത്തെ പഞ്ചായത്ത് സ്മശാനത്തിലും നിത്യ നിദ്രയിലാണ്ടു. കോവിഡാനന്തര ലോകത്ത് മനവരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഹൃദയാഗാതവും മസ്തിഷ്കാഘാതവും ആണെന്ന നിരീക്ഷണം ശരിവെക്കുന്നതാണ് നമുക്കിടയിൽ നടക്കുന്ന പല ആകസ്മിക മരണങ്ങളും എന്നതിന് ഇതിലെ രണ്ട് മരണങ്ങൾ തന്നെ സാക്ഷിയാണ്.
ഷാബൂസ് അഹമ്മദ്
കോഴിക്കോട്: കൊടിയത്തൂർ ചെറുവാടി
Tags:
വേർപാട്