Trending

നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞു; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം



കണ്ണൂർ : നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞ് രണ്ട് പേർ മരിച്ചു. കണ്ണൂർ മലയാംപടിയിലാണ് അപകടമുണ്ടായത്. കായംകുളം മുതുകുളം സ്വദേശിനി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത് 14 പേർക്ക് പരിക്കേറ്റു. 

അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. കായംകുളം ദേവ കമ്മ്യൂണിക്കേഷൻ എന്ന നാടക സംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്.

രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വണ്ടിയാണ് അപകടത്തിൽപ്പെട്ടത്.

വെള്ളിയാഴ്ച പുലർച്ചയോടെയാണ് അപകടമുണ്ടായത്. കേളകം മലയാമ്പാടി റോഡിലെ എസ് വളവിൽ വെച്ച് നാടകസംഘം സഞ്ചരിച്ചിരുന്ന ബസ് മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് സൂചനകൾ.

വയനാട്ടിലെ ബത്തേരിയിലേക്ക് പോകുകയായിരുന്നു സംഘം. നെടുംപൊയിൽ വാടി റോഡിൽ പേര്യ ചുരത്തിൽ എത്തിയപ്പോൾ വഴി ബ്ലോക്കാണെന്ന് അറിഞ്ഞ് കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിലേക്ക് പോകുന്നതിനാണ് എളുപ്പവഴിയിലൂടെ സംഘം കേളകത്തേക്ക് പോയത്. ഒരു കിലോമീറ്ററോളമുള്ള കുത്തനെയുള്ള ഇറക്കം ഇറങ്ങി മലയാം പടിയിലെത്തിയ ശേഷം ചെറിയ ഇറക്കത്തിലെ വളവിൽ എത്തിയപ്പോൾ ആണ് അപകടം. വാഹനത്തിന്റെ മുൻ സീറ്റിൽ ഇരുന്നവരാണ് മരിച്ചത്.

മലയാംപടി എസ് വളവിൽ വെച്ചാണ് മിനി ബസ് മറിഞ്ഞത്. 14 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. 9 പേരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉമേഷ് (39), ബിന്ദു (56), ചെല്ലപ്പൻ (43) സുരേഷ് (60), വിജയകുമാർ (52), ഷിബു (48), ഉണ്ണി (51), ശ്യാം (38), സുഭാഷ് (59) എന്നിവരാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ