വാഷിങ്ടൺ, ഡി.സി: ഇത്തവണത്തെ യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇന്ത്യയ്ക്ക് അഭിമാനമേകി ആറുപേർ. യു.എസ്. ജനപ്രതിനിധി സഭയിലേക്കാണ് ആറ് ഇന്ത്യൻ വംശജർ തിരഞ്ഞെടുക്കപ്പെട്ടത്. ഇക്കൂട്ടത്തിൽ വെർജീനിയയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ-അമേരിക്കൻ അഭിഭാഷകനായ സുഹാസ് സുബ്രഹ്മണ്യത്തിന്റെ നേട്ടമാണ് ഏറെ പ്രാധാന്യമുള്ളത്.
വെർജീനിയ സംസ്ഥാനത്ത് നിന്ന് മാത്രമല്ല, യു.എസ്സിന്റെ കിഴക്കൻതീര സംസ്ഥാനങ്ങളിൽനിന്നു തന്നെ ആദ്യമായി ജനപ്രതിനിധി സഭയിലെത്തുന്ന ഇന്ത്യൻ വംശജനാണ് സുഹാസ് സുബ്രഹ്മണ്യം. റിപ്പബ്ലിക്കൻ പാർട്ടിയുടെ മൈക്ക് ക്ലാൻസിയെ പരാജയപ്പെടുത്തിയാണ് സുബ്രഹ്മണ്യം പരാജയപ്പെടുത്തിയത്. യു.എസ്. പ്രസിഡന്റായിരിക്കെ ബരാക്ക് ഒബാമയുടെ വൈറ്റ് ഹൗസ് ഉപദേഷ്ടാവായിരുന്നു ഇന്ത്യൻ-ഏഷ്യൻ സമൂഹത്തിന്റെ മുഖമെന്ന് അറിയപ്പെടുന്ന സുഹാസ് സുബ്രഹ്മണ്യം.
'കഠിനമായ പോരാട്ടത്തിൽ വെർജീനിയയിലെ പത്താം ജില്ലയിലെ ജനങ്ങൾ എന്നിൽ വിശ്വാസമർപ്പിച്ചു. ഇത് അഭിമാനകരമായ കാര്യമാണ്. എന്റെ വീട് ഈ ജില്ലയിലാണ്. ഞാൻ വിവാഹം ചെയ്തത് ഇവിടെ നിന്നാണ്. എന്റെ പെൺമക്കളെ വളർത്തുന്നത് ഇവിടെയാണ്. അതിനാൽ തന്നെ ഇവിടെയുള്ളവരുടെ പ്രശ്നങ്ങൾ വ്യക്തിപരമായി എന്റെ കുടുംബത്തിന്റേതുകൂടിയാണ്. ഇവിടുത്തെ ജനങ്ങളെ വാഷിങ്ടണിൽ പ്രതിനിധീകരിക്കുക എന്നത് വളരെ അഭിമാനകരമായ കാര്യമാണ്.' -സുഹാസ് സുബ്രഹ്മണ്യം പറഞ്ഞതായി വാർത്താ ഏജൻസിയായ പി.ടി.ഐ. റിപ്പോർട്ട് ചെയ്തു.
സമോസ കോക്കസ്' എന്നാണ് യു.എസ്സിലെ ഇന്ത്യൻ വംശജരായ ജനപ്രതിനിധികളെ വിശേഷിപ്പിക്കുന്നത്. നിലവിൽ ഇന്ത്യൻ വംശജരായ അഞ്ചുപേരാണ് ജനപ്രതിനിധിസഭയിൽ ഉള്ളത്. അമി ബേര, രാജ കൃഷ്ണമൂർത്തി, റോ ഖന്ന, പ്രമീള ജയ്പാൽ, ശ്രീ തനേദാർ എന്നിവരാണ് അവർ. ഈ അഞ്ചുപേരും ജനപ്രതിനിധി സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടവരാണ്.
സുഹാസ് സുബ്രഹ്മണ്യം കൂടി എത്തുന്നതോടെ സമോസ കോക്കസിലെ അംഗങ്ങളുടെ എണ്ണം ആറായി ഉയർന്നു. അരിസോണയിലെ ഒന്നാം കോൺഗ്രഷണൽ ജില്ലയിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിക്കെതിരെ അമിഷ് ഷാ വിജയിക്കുകയാണെങ്കിൽ സമോസ കോക്കസിൽ ഒരാൾ കൂടിയെത്തും. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇവിടെ നടക്കുന്നത്. അന്തിഫലം വന്നാൽ മാത്രമേ ഇവിടെ ആര് വിജയിച്ചു എന്ന് പറയാൻ കഴിയൂ.
മിഷിഗണിലെ 13-ാം കോൺഗ്രഷണൽ ജില്ലയുടെ പ്രതിനിധിയാണ് ശ്രീ തനേദാർ. ഇല്ലിനോയിയിലെ ഏഴാം കോൺഗ്രഷണൽ ജില്ലയിലെ പ്രതിനിധിയാണ് രാജ കൃഷ്ണമൂർത്തി. തുടർച്ചയായി അഞ്ചാം തവണയാണ് അദ്ദേഹം ജനപ്രതിനിധിസഭയിലെത്തുന്നത്. കാലിഫോർണിയയിലെ 17-ാം കോൺഗ്രഷണൽ ജില്ലയിൽ നിന്നാണ് റോ ഖന്ന തിരഞ്ഞെടുക്കപ്പെട്ടത്. വാഷിങ്ടൺ സംസ്ഥാനത്തെ ഏഴാം കോൺഗ്രഷണൽ ജില്ലയുടെ പ്രതിനിധിയാണ് പ്രമീള ജയ്പാൽ.
ഡോക്ടർ കൂടിയായ അമി ബേരയാണ് ഇക്കൂട്ടത്തിലെ ഏറ്റവും മുതിർന്ന അംഗം. കാലിഫോർണിയയിലെ ആറാം കോൺഗ്രഷണൽ ജില്ലയുടെ പ്രതിനിധിയാണ് അദ്ദേഹം. തുടർച്ചയായി ഏഴാം തവണയാണ് അദ്ദേഹം യു.എസ്. ജനപ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
Tags:
അന്തർദേശീയം