ഓമശ്ശേരി (കോഴിക്കോട്): വെളിമണ്ണ ചിറ്റാരിക്കൽ മർഹൂം ആലിക്കുഞ്ഞി, ഫാത്തിമ ദമ്പതികളുടെ മകന കോട്ടയിൽ അബൂബക്കർ മുസ്‌ലിയാർ ഓർമ്മയായി
ജീവിതകാലം മുഴുവൻ ചെലവഴിച്ചത് കളരാന്തിരിയിലാണെങ്കിലും വെളിമണ്ണയിലാണ് ജനനം.
ആകയാൽ വെളിമണ്ണ അബൂബക്കർ മുസ്ലിയാർ എന്നും പറയാറുണ്ട്.
ജന്മ നാടായ വെളിമണ്ണയിലെ പ്രാഥമിക പഠനത്തിനുശേഷം കളരാന്തിരി ദർസിൽ വെളിമുക്ക് ഹസൻ കുട്ടി മുസ്ലിയാരുടെയടുത്ത് പഠനം തുടങ്ങി. ശേഷം വാവാട് വലിയ പോക്കർകൂട്ടി മുസ്ലിയാർ, ചെറിയ പോക്കർകുട്ടി മുസ്ലിയാർ, അണ്ടോണ അബ്ദുള്ള മുസ്‌ലിയാർ തുടങ്ങിയ പ്രമുഖരായ ഉസ്താദുമാരിൽ നിന്നെല്ലാം അറിവ് നുകർന്നു.
പഠന ശേഷം കളരാന്തിരിയിലെ മദ്രസയിൽ സേവനം ആരംഭിച്ചു. ദീർഘമായ രണ്ട് പതിറ്റാണ്ടിലധികം കാലം പ്രദേശത്തുകാർക്ക് ദീനീ വീജ്ഞാനം പകർന്നു നൽകി. കളരാന്തിരിയിലെ മുതിർന്ന ഉമറാക്കളിലെ പലരും കോട്ടയിൽ അബൂബക്കർ മുസ്ലിയാരുടെ ശിഷ്യരാണ്. കളരാന്തിരിയിൽ നിന്ന് വിഹാഹം കഴിക്കുകയും കോട്ടയിൽ കുടുംബത്തിൽ താമസമാക്കുകയും ചെയ്തതിനാലാണ് കോട്ടയിൽ അബൂബക്കർ മുസ്ലിയാർ എന്ന് അറിയപ്പെടുന്നത്.
അധ്യാപകവൃത്തിയോടൊപ്പം കളരാന്തിരി അങ്ങാടിയിൽ അര നൂറ്റാണ്ടോളം കാലം കച്ചവടം നടത്തിയിട്ടുണ്ട്. കുറച്ചു വർഷമായി രോഗ ബാധിതനായി വീട്ടിൽ കിടപ്പിലായിരുന്നു. വിശുദ്ധ റമളാനിലെ ലൈലതുൽ ഖദ്ർ പ്രതീക്ഷയുള്ള, വെള്ളിയാഴ്ച രാവിലാണ് അദ്ദേഹത്തിന്റെ ഖബ്ർ ജീവിതം ആരംഭിക്കുന്നത്. ജീവിതത്തിൽ ചെയ്ത സുകൃതങ്ങളായിരിക്കും ഈ പുണ്യദിനത്തിൽ യാത്രയാകാൻ അദ്ദേഹത്തിന് തുണയായത്. മക്കളെല്ലാം സുന്നത് ജമാഅതിന്റെ സജീവ പ്രവർത്തകരാണ്. സർവ്വശക്തൻ അദ്ദേഹത്തിന്റെ ഖബ്ർ വിശാലമാക്കുകയും സ്വർഗം നൽകി അനുഗ്രഹിക്കുകയും ചെയ്യട്ടെ !
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു .
ഡോ. അബൂബക്കർ നിസാമി
Tags:
വേർപാട്