പാലക്കാട്: മീൻവല്ലം തുടിക്കോട് ആദിവാസി കോളനിയിലെ മൂന്ന് പിഞ്ചുകുട്ടികൾ ചിറയിൽ മുങ്ങിമരിച്ചു. കരിമ്പ ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിൽ മൂന്നേക്കർ തുടിക്കോട് ആദിവാസി ഉന്നതിയിൽ തമ്പി-മാധവി ദമ്പതികളുടെ മകൾ രാധിക (9), പ്രകാശൻ-അനിത ദമ്പതികളുടെ മക്കളായ പ്രദീപ് (5), പ്രജീഷ് (3) എന്നിവരാണ് മരിച്ചത്.ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് കുട്ടികളെ കാണാതായത്. തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തി. വൈകിട്ട് 5 മണിയോടെ ഉന്നതിക്കു സമീപത്തുള ചിറയിലെ വെള്ലക്കെട്ടിനു സമീപം കുട്ടികളുടെ ചെരിപ്പുകൾ കണ്ടതോടെ ഇവിടെ നടത്തിയ തിരച്ചിലിലാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രകാശന്റെ സഹോദരീ ഭർത്താവ് ക്യഷ്ണനാണ് കുട്ടികളെ മുങ്ങിയെടുത്തത്. വീടിന്റെ 200 മീറ്റർ മാറി അധികം ആളുകൾ കടന്നുചെല്ലാത്ത ചിറയിലാണ് ചെളിയിൽ പൊതിഞ്ഞ ശരീരങ്ങൾ കണ്ടത്. ഉടൻ തന്നെ ഇവരിൽ രാധികയെ തച്ചമ്പാറ ഇസാഫ്
ആശുപത്രിയിലും മറ്റു രണ്ടുപേരെയും പാലക്കാട് ജില്ലാ അശുപത്രിയിലും എത്തിക്കുകയായിരുന്നു. രാധിക മരുതുംകാട് ഗവ. എൽ.പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയും പ്രദീപ് ഒന്നാം ക്ലാസ് വിദ്യാർത്ഥിയുമായിരുന്നു.
പ്രകാശൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ സമയം അനിതയും ഒരുവയസുള്ല കുഞ്ഞും ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്നു. വീട്ടിൽ കുട്ടികൾ മൂവരും കളിക്കുകയായിരുന്നു. ഇവർ കൗതുകത്തിന്റെറെ പുറത്ത് ചിറയിലേക്ക് പോയി അപകടത്തിൽ പെട്ടതാകാം എന്നാണ് പൊലീസ് പറയുന്നത്. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ വിട്ടുനൽകും.
Tags:
വേർപാട്