Trending

കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതകം; പ്രതി പിടിയിൽ



കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിൽ പ്രതി അസം സ്വദേശി അമിത് ഒറാങ് പിടിയിൽ. തൃശ്ശൂർ മാളയിൽനിന്നാണ് ഇയാളെ അന്വേഷണം സംഘം പിടികൂടിയത്. ഇയാൾ മാളയിൽ കോഴിഫാമിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കോഴി ഫാമിൽ ഇതരസംസ്ഥാനത്തൊഴിലാളികൾക്കൊപ്പ ഇയാൾ ഉണ്ടായിരുന്നത്.

മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളുടെ പക്കൽ പത്തോളം മൊബൈൽ ഫോണുകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മൊബൈൽ ഫോൺ മാറ്റിയായിരുന്നു ഉപയോഗിച്ചിരുന്നത്.

കൊലയ്ക്കുശേഷം വിജയകുമാറിൻ്റെയും ഭാര്യയുടേയും ഫോൺ പ്രതി മോഷ്‌ടിച്ചിരുന്നു. ഇതിൽ ഒരു ഫോൺ ഓൺ ആയിരുന്നു. ഇതിന്റെ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. കൊലപാതകം നടത്തി 24 മണിക്കൂറിനുള്ളിലാണ് പോലീസ് പ്രതിയെ പിടികൂടിയത്.

കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ ടി.കെ. വിജയകുമാർ (64), ഭാര്യ ഡോ. മീര വിജയകുമാർ (60) എന്നിവരാണ് വീടിനുള്ളിൽ ക്രൂരമായി കൊല്ലപ്പെട്ടത്. 2017 ജൂണിൽ കോട്ടയം തെള്ളകത്ത് റെയിൽവേ പാളത്തിൽ മരിച്ചനിലയിൽ കണ്ട യുവവ്യവസായി ഗൗതം വിജയകുമാറി(28)ന്റെ മാതാപിതാക്കളാണ് ഇവർ. ഈ കേസിൽ സിബിഐ അന്വേഷണം തുടങ്ങി ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ.

ചൊവ്വാഴ്ച രാവിലെ ജോലിക്കാരി രേവമ്മ വന്നപ്പോഴാണ് കൊലപാതകവിവരമറിയുന്നത്. കേൾവിപരിമിതിയുള്ള തോട്ടക്കാരൻ ബോണ്ട് രാജ് ഔട്ട്ഹൗസിൽ ഉണ്ടായിരുന്നെങ്കിലും വിവരം അറിഞ്ഞിരുന്നില്ല. തിങ്കളാഴ്‌ച രാത്രി 12.30-നും ഒന്നിനും ഇടയിലാണ് കൊല നടന്നതെന്ന് കരുതുന്നു.

മൃതദേഹങ്ങൾ രണ്ടുമുറികളിലായിരുന്നു. കോടാലികൊണ്ട് തലയ്ക്കടിച്ചശേഷം തലയണകൊണ്ട് മുഖം അമർത്തി മരണം ഉറപ്പാക്കിയെന്നാണ് കരുതുന്നത്. മകൾ: ഗായത്രി (യുഎസ്). ആറു മാസം മുൻപായിരുന്നു ഗായത്രിയുടെ വിവാഹം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ