Trending

ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിനു നേരേ കാട്ടാന ആക്രമണം; ഭാര്യ മരിച്ചു, ഭർത്താവ് ചികിത്സയിൽ; സംഭവം മസിനഗുഡിയിൽ



ഗൂഡല്ലൂർ: മസിനഗുഡിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. മസിനഗുഡി-ബൊക്കാപുരം റോഡിൽവെച്ച് സ്കൂട്ടറിൽ യാത്രചെയ്യുകയായിരുന്ന ദമ്പതിമാരെ കാട്ടാന ആക്രമിക്കുകയായിരുന്നു.

തപാൽവകുപ്പിലെ താത്കാലിക ജീവനക്കാരി മസിനഗുഡി സ്വദേശി സരസു (58) ആണ് മരിച്ചത്. ഭർത്താവ് കുമാരസ്വാമി (64) ചികിത്സയിലാണ്.

തിങ്കളാഴ്ച വൈകുന്നേരം
അഞ്ചരയോടെയാണ് സംഭവം. പരിക്കേറ്റ് ഊട്ടി മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ച സരസു ചികിത്സയിലിരിക്കെ, തിങ്കളാഴ്ച രാത്രി ഒൻപതരമണിയോടെ മരിച്ചു. ബൊക്കാപുരം മാരിയമ്മൻ കോവിലിൽ ദർശനത്തിനുശേഷം സ്കൂട്ടറിൽ മടങ്ങുകയായിരുന്ന ഇരുവരേയും റോഡിലിറങ്ങിയ കാട്ടാന ആക്രമിക്കുകയായിരുന്നു. സ്‌ട്ടർ ഉപേക്ഷിച്ച് ഇരുവരും ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന കാട്ടാന സരസുവിനെ ആക്രമിച്ചു. അതുവഴി ജീപ്പിൽ വന്നവർ കാട്ടാനയെ തുരത്തുകയായിരുന്നു.

സാരമായി പരിക്കേറ്റ സരസുവിന് മസിനഗുഡി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പ്രഥമശുശ്രൂഷനൽകിയതിനുശേഷം വിദഗ്ധചികിത്സയ്ക്കായി ഊട്ടിയിലെ സർക്കാർ മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി.

ഫോറസ്റ്റ് വാർഡൻ ബാലാജിയുടെ നേതൃത്വത്തിൽ വനംവകുപ്പ് പ്രദേശത്ത് പരിശോധന നടത്തി. മസിനഗുഡി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ