ചെന്നൈ ഇന്ത്യന്‍ ആന്ജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നറിയപ്പെടുന്ന ഹൃദയാരോഗ്യ വിദഗ്ധന്‍ ഡോ. മാത്യു സാമുവല്‍ കളരിക്കല്‍ (77- വയസ്സ്) അന്തരിച്ചു.
ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്കാരം ഏപ്രില്‍ 21 തിങ്കളാഴ്ച മൂന്നു മണിയോടെ മാങ്ങാനം സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍ നടക്കും.
കൊറോണറി ആന്‍ജിയോപ്ലാസ്റ്റി, കരോട്ടിഡ് സ്റ്റെന്റിങ്, കൊറോണറി സ്റ്റെന്റിങ് തുടങ്ങിയവയില്‍ വിദഗ്ധനായിരുന്നു. ആന്ജിയോപ്ലാസ്റ്റിയുടെ നടപടിക്രമങ്ങള്‍ ഏകീകരിക്കാനും കാര്യക്ഷമമാക്കാനുമുള്ള പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ഡോ. മാത്യു സാമുവല്‍ ആദരിക്കപ്പെടുന്നത്. 2000ല്‍ രാജ്യം പത്മശ്രീ നല്കി അദ്ദേഹത്തെ ആദരിച്ചു. ഡോ. മാത്യു സാമുവല്‍ ആണ് നാഷനല്‍ ആന്‍ജിയോപ്ലാസ്റ്റി റജിസ്ട്രി ഓഫ് ഇന്ത്യ സ്ഥാപിച്ചത്.
1948 ജനുവരി 6ന് കോട്ടയത്ത് ജനിച്ച ഡോ. മാത്യു സാമുവല്‍, ആലുവ യു.സി കോളജില്‍ നിന്ന് ബിരുദം നേടി. തുടര്‍ന്ന് 1974ല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് എം.ബി.ബി.എസും സ്റ്റാന്‍ലി മെഡിക്കല്‍ കോളജ് എം.ഡിയും മദ്രാസ് മെഡിക്കല്‍ കോളജില്‍ നിന്ന് കാര്‍ഡിയോളജിയില്‍ ഡി.എം ബിരുദവും നേടി. പീഡിയാട്രിക് സര്‍ജറിയില്‍ ട്യൂട്ടര്‍ ആയാണ് ഡോ. മാത്യു സാമുവല്‍ മെഡിക്കല്‍ കരിയര്‍ ആരംഭിക്കുന്നത്.
ചെന്നൈ അപ്പോളോ ഹോസ്പിറ്റല്‍, ലീലാവതി ഹോസ്പിറ്റല്‍, ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റല്‍, മുംബൈ സൈഫി ഹോസ്പിറ്റല്‍ ഉള്‍പ്പെടെയുള്ള പ്രശസ്ത ആശുപത്രികളില്‍ ഡോ. മാത്യു സാമുവല്‍ സേവനം ചെയ്തു.
ബീനാ മാത്യുവാണ് മാത്യു സാമുവല്‍ കളരിക്കലിന്റെ ഭാര്യ. അന്ന മാത്യു, സാം മാത്യു എന്നിവരാണ് മക്കള്‍.
Tags:
വേർപാട്