“നിന്റെ നാഥന്‍ വിധിച്ചിരിക്കുന്നു: നിങ്ങള്‍ അവനെയല്ലാതെ വഴിപ്പെടരുത്. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുക.” (അൽഇസ്റാഅ് 23) മാതാപിതാക്കളോടുള്ള കടമകളുടെ പ്രാധാന്യം പറയാനാണ് അല്ലാഹു തന്നോടുള്ള അനുസരണത്തോടൊപ്പം മാതാപിതാക്കളെ അനുസരിക്കാൻ ഖുർആനിലൂടെ പറയുന്നത്.
മാതാപിതാക്കളോട് അനുസരണക്കേട് കാണിക്കുന്നവർക്ക് സ്വർഗ്ഗ പ്രവേശം നിഷേധിക്കപ്പെടുമെന്ന് പ്രവാചകൻ (സ) നമ്മെ അറിയിച്ചിട്ടുണ്ട്. നബി പറഞ്ഞു: “അഹങ്കാരിയും മാതാപിതാക്കളോട് അനുസരണക്കേട് കാണിക്കുന്നവനും മദ്യപാനിയും സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല” (അഹ്മദും നസാഇ).
ഒരു സ്വഹാബിയുടെ ഉമ്മ ജീവിച്ചിരിപ്പുണ്ടെന്ന് പറഞ്ഞപ്പോൾ നബി അദ്ദേഹത്തോട് ഉപദേശിച്ചു: “അവളുടെ കാലുകൾക്കരികിൽ നിലകൊള്ളുക, അവിടെയാണ് സ്വർഗ്ഗം” (ഇബ്‌നു മാജ).
ഒരു മനുഷ്യൻ പ്രവാചകന്റെ അടുത്തു വന്ന് ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, എന്റെ നല്ല സഹവാസത്തിന് ഏറ്റവും അർഹതയുള്ളത് ആർക്കാണ്? നബി പറഞ്ഞു: “നിന്റെ ഉമ്മ” അയാൾ വീണ്ടും ചോദിച്ചു: പിന്നെ ആരാണ് ? പ്രവാചകൻ പറഞ്ഞു: “നിന്റെ ഉമ്മ“, അയാൾ വീണ്ടും ചോദിച്ചു: പിന്നെ ആരാണ് ? നബി അപ്പോഴും “നിന്റെ ഉമ്മ” എന്ന് മറുപടി പറഞ്ഞു. നാലാം തവണയും അയാൾ ആ ചോദ്യം ആവർത്തിച്ചപ്പോൾ തിരുനബി “നിന്റെ ഉപ്പ ” എന്ന് മറുപടി പറഞ്ഞു. (മുത്തഫഖുൻ അലൈഹി) മാതാവിന് ഇസ്‌ലാം നൽകുന്ന സ്ഥാനം ഈ ഹദീസുകളിൽ നിന്ന് വ്യക്തമാണ്. ആധുനിക കാലത്ത് മാതാവിനെ ആദരിക്കാൻ “മതേർസ് ഡേ” കൊണ്ടാടുമ്പോൾ നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇസ്‌ലാം ഈ മൂല്യങ്ങൾ ലോകത്തിന് മുന്നിൽ സമർപ്പിച്ചിരുന്നു അത് കേവലം ഒരു ദിവസം മാത്രം നീണ്ടു നിൽക്കുന്ന ഒന്നല്ല മറിച്ച് ഒരാളുടെ മാതാവ് ജീവിച്ചിരിക്കും വരേക്കും അയാൾ അല്ലാഹുവിന്റെ കല്പന നിറവേറ്റിക്കൊണ്ടിരിക്കണം.
നമ്മുടെ ഉമ്മമാരോട് ഏറ്റവും നല്ല രീതിയിൽ സഹവസിക്കാനും അതുവഴി സർവ്വശക്തനായ ദൈവത്തിന്റെയും അവന്റെ പ്രവാചകന്റെയും സാമീപ്യം നേടുന്നതിനും നമുക്ക് സ്വീകരിക്കാവുന്ന പത്ത് കാര്യങ്ങളാണ് ഇവിടെ പറയാൻ പോകുന്നത്.
ഒന്ന്: നിങ്ങളുടെ ദിവസം ആരംഭിക്കുന്നത് മാതാവിന്റെ നെറ്റിയിലും കൈയിലും ചുംബിച്ചുകൊണ്ടാവുക. ഒരു ശിശുവായും, പിന്നെ കുട്ടിയായും, ശേഷം യുവാവായും നിങ്ങളെ വളർത്തിയ ഉമ്മയോട് നന്ദിയും കൃതജ്ഞതയും പ്രകടിപ്പിക്കുക. മാതാപിതാക്കളോടുള്ള നന്മ അല്ലാഹു നമ്മോട് കൽപ്പിച്ച കടമകളിൽ ഒന്നാണ്. അവരോട് തെറ്റായി പെരുമാറുന്നതിനെതിരെ അവൻ നമ്മെ താക്കീത് ചെയ്തിട്ടുമുണ്ട്.
” അവരില്‍ ഒരാളോ രണ്ടുപേരുമോ വാര്‍ധക്യം ബാധിച്ച് നിന്നോടൊപ്പമുണ്ടെങ്കില്‍ അവരോട് ‘ഛെ’ എന്നുപോലും പറയരുത്. പരുഷമായി സംസാരിക്കരുത്. ഇരുവരോടും ആദരവോടെ സംസാരിക്കുക. കാരുണ്യപൂര്‍വം വിനയത്തിന്റെ ചിറക് ഇരുവര്‍ക്കും താഴ്ത്തിക്കൊടുക്കുക. അതോടൊപ്പം ഇങ്ങനെ പ്രാര്‍ഥിക്കുക: എന്റെ നാഥാ! കുട്ടിക്കാലത്ത് അവരിരുവരും എന്നെ പോറ്റിവളര്‍ത്തിയപോലെ നീ അവരോട് കരുണ കാണിക്കേണമേ.” (അല്‍ഇസ്റാഅ് : 24)
രണ്ട്: മാതാവിന് ദീർഘായുസ്സ്, നല്ല ആരോഗ്യം, ഹിദായത്, പാപ മോചനം, ക്ഷമ എന്നിവ ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുക. ഇത് മാതാവിന്റെ മനസ്സിന് സന്തോഷം നൽകും.
മൂന്ന്: വീട്ടു ജോലികളിൽ ഉമ്മയെ സഹായിക്കാൻ സമയം കണ്ടെത്തുക. ഉമ്മ നമ്മളോട് ആവശ്യപ്പെടാതെ തന്നെ സഹായത്തിന് ചെല്ലുക.
നാല്: ഉമ്മക്ക് ഇഷ്‌ടമുള്ള ഭക്ഷണം വാങ്ങി നൽകുക. അല്ലെങ്കിൽ സ്വന്തമായി അത് പാചകം ചെയ്ത് മാതാവിന് നൽകുക.
അഞ്ച്: മാതാവ് ആഗ്രഹിച്ചുകൊണ്ടിരുന്ന ആഗ്രഹം നിറവേറ്റുക. അത് ഒരുപക്ഷെ ലളിതമായ ഒന്നാണെങ്കിൽ പോലും. ഒരു യാത്ര, അല്ലെങ്കിൽ ഉംറ നിർവഹിക്കാനുള്ള ആഗ്രഹം തുടങ്ങിയവ ആവാമത്.
ആറ്: സമ്മാനങ്ങൾ നൽകുക. “മതേർസ് ഡേ” പോലുള്ള ദിവസങ്ങളിൽ മാത്രം സമ്മാനം നൽകുകയും പിന്നീടുള്ള ദിവസങ്ങളിൽ ഒന്നും നൽകാതെയുമിരിക്കരുത്. ഇടവേളകളിൽ ചെറുതാണെങ്കിലും സമ്മാനങ്ങൾ നൽകുക.
ഏഴ്: മാതാവിന് സാമ്പത്തികമായ ആവശ്യങ്ങളുണ്ടോയെന്ന് അറിഞ്ഞിരിക്കുക. ഒരുപക്ഷെ നിങ്ങളോട് ചോദിക്കാൻ അവർക്ക് മടിയായിരിക്കും.
എട്ട്: നിങ്ങൾ ഉമ്മയുടെ അടുത്തല്ല താമസമെങ്കിൽ ഒരോ ദിവസവും നിക്ഷിത സമയം ഫോണിലൂടെ ഉമ്മയെ വിളിച്ച് കാര്യങ്ങൾ തിരക്കുക.
ഒൻപത്: കുടുംബക്കാർക്കിടയിൽ മാതാവിനെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക. മാതാവിനേക്കാൾ ഭാര്യക്ക് പ്രാധാന്യം നൽകാതിരിക്കുക. രണ്ടു പേരോടും നല്ല രീതിയിൽ സഹവസിക്കുക.
പത്ത്: ഉമ്മയുമായുള്ള ഓർമ്മകൾ പങ്കിടുക, സംസാരിക്കുക, പ്രത്യേകിച്ച് മാതാവ് പ്രായമായ ആളാണെങ്കിൽ, വാർദ്ധക്യം മൂലം ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് അവരോടൊപ്പമുള്ള നിങ്ങളുടെ ഫോട്ടോ ആൽബം അവലോകനം ചെയ്യാം.
അവലംബം: അൽമുജ്‌തമഅ്
Tags:
latest news