Trending

നടൻ മനോജ് കുമാർ അന്തരിച്ചു



മുംബൈ: ബോളിവുഡ് നടൻ മനോജ് കുമാർ (87) വയസ്സ് അന്തരിച്ചു. മുംബൈയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചയോടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ദേശഭക്തി ചിത്രങ്ങളിലൂടെ പ്രശസ്‌തനാണ്.

സംവിധായകൻ, തിരക്കഥാകൃത്ത്, എഡിറ്റർ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധ നേടി. പുരബ് ഔർ പശ്ചിമ്, ക്രാന്തി, റോട്ടി, കപട ഔർ മകാൻ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാ ഗമായി. ദേശഭക്തി സിനിമകളിലൂടെ പ്രശസ്തനായ മനോജ് കുമാറിനെ 'ഭരത് കുമാർ' എന്നായിരുന്നു ആരാധകർ സ്നേഹത്തോടെ വിളിച്ചിരുന്നത്.

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് പുറമേ ഏഴ് ഫിലിംഫെയർ പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 1992ൽ പത്മശ്രീയും 2015ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡും നൽകി ഇന്ത്യ ഗവൺമെന്റ് അദ്ദേഹത്തെ ആദരിച്ചു. 1964 ൽ രാജ് ഖോസ്ലയുടെ മിസ്റ്ററി ത്രില്ലറായ 'വോ കൗൻ തി' എന്ന ചിത്രമാണ് നായകനായി മനോജ് കുമാറിന് വലിയ ബ്രേക്ക് നൽകിയ സിനിമ. ഏഴ് സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

40 വർഷത്തിലേറെ നീണ്ട തന്റെ കരിയറിൽ, കൾട്ട് ക്ലാസിക് സിനിമകളിൽ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട് മനോജ് കുമാർ. 60 ഓളം സിനിമകളിൽ അഭിനയിച്ചു. ഭഗത് സിങിന്റെ ജീവിതത്തെ ആസ്‌പദമാക്കി മനോജ് കുമാറിന്റെ 'ഷഹീദ്' എന്ന സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി അദ്ദേഹത്തിന്റെ പ്രകടനത്തിൽ ആകൃഷ്ടനായി.

പിന്നീട്, 1965 ലെ ഇന്തോ-പാകിസ്ഥാൻ യുദ്ധത്തെത്തുടർന്ന്, 'ജയ് ജവാൻ ജയ് കിസ്സാൻ' എന്ന ജനപ്രിയ മുദ്രാവാക്യത്തെ അടിസ്ഥാനമാക്കി ഒരു സിനിമ നിർമിക്കാൻ പി എം ശാസ്ത്രി അദ്ദേഹത്തോട് അഭ്യർഥിച്ചു. അതിന്റെ ഫലമായി 1967 ൽ അദ്ദേഹം തന്റെ ആദ്യ ചിത്രമായ 'ഉപ്കർ' സംവിധാനം ചെയ്തു

ഹരികിഷൻ ഗോസ്വാമി എന്നായിരുന്നു ആദ്യത്തെ പേര്. നടൻ ദിലീപ് കുമാറിന്റെ കടുത്ത ആരാധകനായിരുന്ന അദ്ദേഹം ശബ്നം എന്ന സിനിമയിലെ ദിലീപ് കുമാറിന്റെ പേരായ മനോജ് കുമാർ എന്ന പേര് സ്വീകരിക്കുകയായിരുന്നു. 1957-ൽ പുറത്തിറങ്ങിയ ഫാഷൻ ആണ് മനോജ് കുമാറിൻ്റെ ആദ്യ ചിത്രം. 1960 ൽ ഇറങ്ങിയ കാഞ്ച് കി ഗുഡിയ എന്ന ചിത്രം ശ്രദ്ധേയമായി.1964 ൽ പുറത്തിറങ്ങിയ ഷഹീദ് എന്ന ചിത്രം അദ്ദേഹത്തിന് ഒരു ദേശഭക്തിയുള്ള നായകൻ എന്ന ഇമേജ് സമ്മാനിച്ചു. 1967 ൽ മനോജ് കുമാർ സംവിധാനത്തിലേക്ക് കടന്നു. നടന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ